ഇതു കേരളമാണ്
സന്തോഷ്
അയൽപക്കത്തെ ചെക്കൻ എന്താണ് എന്നെ പതിവുപോലെ കാണാനും അല്പനേരം കുശലം പറയാനും ഇക്കഴിഞ്ഞ ദിവസം വരാഞ്ഞതെന്തെന്നു ഞാൻ ആലോചിച്ചപ്പോഴേക്കും 'അങ്കിളേ' എന്ന വിളിയുമായി ചെക്കൻ എത്തി. വന്നപാടെ അവൻ എന്നോടു ചോദിച്ചു:
“അങ്കിൾ ഇന്നലെ ഏതു ടി വി ചാനലാണ് കൂടുതലും കണ്ടത്?”
“അങ്ങിനെ പ്രത്യേകിച്ചൊരു ടി വി ചാനലിനോടും എനിക്കാഭിമുഖ്യമില്ല കുട്ടാ.” ഞാൻ തുടർന്നു: “പക്ഷെ ഇന്നലെ ഞാൻ കണ്ട ചാനലുകളിലെല്ലാം എസ് എഫ് ഐ പിള്ളേർ കേരള യൂണിവേഴ്സിറ്റി പഞ്ഞിക്കിടുന്നതും, ക്രമസമാധാന പാലകർ എസ് എഫ് ഐക്കാരുടെ നേരമ്പോക്ക് കണ്ട് രസിച്ചു നിൽക്കുന്നതുമൊക്കെയാണ് കണ്ടത്.”
ചെക്കനു എന്റെ മറുപടി ഇഷ്ടപ്പെട്ടെന്നു അവന്റെ മുഖഭാവത്തിൽ നിന്നു മനസ്സിലായി. എന്റെ ജിഞ്ജാസകൊണ്ടു വെറുതെ ഞാനവനോട് ചോദിച്ചു:
“നീ എസ് എഫ് ഐക്കാരനാണോ?”
“അങ്ങിനെ ഒന്നുമില്ല ഞാൻ വെറും ഒരനുഭാവി മാത്രം. എനിക്കും പോയി സമരത്തിൽ പങ്കുചേരണമെന്നുണ്ടായിരുന്നു.”
“പിന്നെന്താ കുട്ടൻ പോകാഞ്ഞത്? ഒരു മനുഷ്യനായാൽ അവന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ സഫലീകരിക്കണ്ടെ? അതല്ലെ നിശ്ചയദാർഢ്യം, അതല്ലെ വ്യക്തിത്വം, അതല്ലെ അന്തസ്സ് ?”
“ഇത്രേം ടി വിക്കാരൊക്കെ അവിടെ വരുമെന്നു ഞാൻ സ്വപ്നത്തിൽപോലും കരുതിയില്ല അങ്കിളേ. അവിടെ വന്ന പോലീസുകാരൊക്കെ സമരക്കാരെ ഒന്നു തടയാൻ പോലും മിനക്കെട്ടില്ലെന്നതും ഒരു വസ്തുതയല്ലെ അങ്കിളേ?”
“എന്നു പറയാനുണ്ടോ?” ഞാൻ ചെക്കനോടു ചോദിച്ചു: “പോലീസുകാരും സർക്കാരിനെപ്പോലെ എസ് എഫ് ഐ അനുകൂലികളാണെന്നു കരുതാമല്ലെ കുട്ടാ?”
“പോലീസും നമ്മുടെ സർക്കാരിന്റെ സ്വന്തമല്ലെ അങ്കിളെ?”
“പിന്നെ ആരാണ് സർക്കാരിന്റെ സ്വന്തമല്ലാത്തത്?”
“ഗവർണ്ണർ” ചെക്കൻ പറഞ്ഞു. “ഇവിടെ വരുന്ന ഒറ്റ ഗവർണ്ണർമാരും ശരിയല്ലെന്നല്ലെ ഞങ്ങളുടെ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞത്.”
“ഓഹോ, അതു ഞാൻ ശ്രദ്ധിച്ചില്ല.”
“പിന്നൊന്നുകൂടി എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.”
“അതെന്താ കുട്ടാ?”
“ഇതു കേരളമാണെന്നോർക്കണമത്രെ”
"സംസ്ഥാന പ്രസിഡണ്ട് ആരോടാണതു പറഞ്ഞത്?” ഞാൻ ചെക്കനോടു തിരക്കി. “സ്വാമി വിവേകാനന്ദനോടാണോ?”
“അതെനിക്കറിയില്ല.” ചെക്കൻ പറഞ്ഞു.
"പണ്ട് സ്വാമി വിവേകാനന്ദൻ കേരളത്തിൽ വന്നപ്പോൾ അദ്ദേഹം കേരളത്തെക്കുറിച്ചു പറഞ്ഞത് എസ് എഫ് ഐ സംസ്ഥാനപ്രസിഡണ്ട് കേട്ടുകാണാൻ വഴികാണില്ല.”
“എന്താ ആ ചങ്കുബ്രോ പറഞ്ഞത് അങ്കിളേ?”
“കേരളമൊരു ഭ്രാന്താലയമാണെന്നാണ് ആ ജ്ഞാനി അന്നു പറഞ്ഞത്.”